യുദ്ധത്തിനു നിറങ്ങളുണ്ടോ?
ഉണ്ടെങ്കിൽ അത് അനാഥത്വത്തിന്റെ മരണത്തിന്റെ, അക്രമാസക്തമായ ഭൂതകാലത്തിന്റെ, ഉന്മൂലനം ചെയ്യപ്പെട്ട ഭാവിയുടെ, നിസ്സഹായതയുടെ ഒക്കെ നിറമായിക്കും
കോൺക്രീറ്റ് കൂനകൾക്കിടയിൽ
തിരിച്ചറിയാനാവാത്തവിധം വികൃതമാക്കപ്പെട്ടുപോയ തങ്ങളുടെ പ്രിയപ്പെട്ടവരുടെ ചിതറിത്തെറിച്ച മാംസക്കഷണങ്ങൾ പെറുക്കികൂട്ടുമ്പോൾ
മരവിച്ചു പോയ മനസ്സിന്റെ നിറമായിരിക്കും,
ബോംബറുകളെ മിന്നൽ വേഗത്തിൽഭൂമിയിലേയ്ക്ക് പറത്തിവിടുമ്പോൾ
ഒരുനിമിഷം കൊണ്ടു ഭൂതകാലത്തിലേയ്ക്കു ആണ്ടുപോയ
മനുഷ്യരുടെ സ്വപ്നങ്ങളുടെയും, പ്രതീക്ഷകളുടെയും നിറമായിരിക്കും
ബൂട്സിന്റെ കാതടപ്പിക്കുന്ന ശബ്ദം
മരണത്തെപോലെ പതുങ്ങിയടുക്കുമ്പോൾ
പേടിപ്പെടുത്തുന്ന ഓർമകളാൽ ദണ്ഡിപ്പിക്കപ്പെട്ട
കുഞ്ഞുങ്ങളുടെ നിഷ്കളങ്കത
ഒളിക്കാനിടമില്ലാതെ ശൂന്യതയിലേക്ക്
കൊഴിഞ്ഞു വീണുകൊണ്ടേയിക്കും
ശത്രുക്കളുടെ ടാങ്കറുകളെ വിഴുങ്ങിക്കളയാൻ പോന്ന നിഗൂഢത
കണ്ണുകളിൽ ഒളിപ്പിച്ച്
കൂടപ്പിറപ്പുകളുടെ കുഴിമാടത്തിനരുകിൽ
അശേഷം ആവലാതിയില്ലാതെ
തങ്ങളുടെ ഊഴത്തിനുവേണ്ടി കാത്തിരിക്കുമ്പോൾ ഉന്നം തെറ്റാത്ത സ്നൈപ്പറുകൾ അവരെ കൊന്നു വീഴ്ത്തിയിട്ടുണ്ടാകും..
കുഞ്ഞുങ്ങളുടെ ആവിയാറാത്ത ചോരകണ്ടു
മനസുപതറുമ്പോൾ ചിതറിതെറിച്ചവ പെറുക്കിക്കൂട്ടുമ്പോൾ
എല്ലിടുക്കുകളിൽ ബാക്കിയായ മാംസം ഭക്ഷിക്കാൻ കഴുകന്മാർ വട്ടമിട്ടു പറക്കുന്നുണ്ടാകും..
രക്ഷപ്പെടാൻ മാർഗങ്ങളൊന്നും ഇല്ലെന്നിരിക്കെ ഓടിത്തളരുമ്പോൾ ഒളിക്കാനായി ഒരുതുള്ളി ഇരുട്ടെങ്കിലും കിട്ടിയിരുന്നെങ്കിൽ എന്നു അവർ ആവലാതിപ്പെടും, ഒന്നുറക്കെ കരയാൻപോലും പറ്റാത്ത
അവരുടെ തേങ്ങലുകൾ വരണ്ട തൊണ്ടക്കുഴികളിൽ
കൈകാലിട്ടടിക്കുന്നുണ്ടാകും
രക്തംകുടിച്ചു ചുവന്നുപോയ തെരുവുകൾ, നിലംപൊത്തിയ ആരാധനാലയങ്ങൾ,
ശവശരീരങ്ങൾ കുമിഞ്ഞുകൂടിയ
തടാകങ്ങൾ എല്ലാം പേടിയും മരണവും ഭീതിയും അക്രോശിച്ചു കൊണ്ടേയിരിക്കും
യുദ്ധം ദുരന്തങ്ങളുടെ മഹാസംഭരണിയാണ്
യുദ്ധം അവസാനിക്കുമ്പോൾ
നേതാക്കന്മാർ സന്ധിസംഭാഷണങ്ങൾക്കായി
വിരുന്നുകളൊരുക്കും
അവരുടെ സൽക്കാരങ്ങളിൽ വീരാരാധനയുടെ പുതിയ ഏടുകൾ
ചരിത്രത്താളുകളിലേയ്ക്കു
എഴുതി ചേർക്കപ്പെടും
അപ്പോഴൊക്കെ അനാഥയാക്കപ്പെട്ട
ഒരു വൃദ്ധ രക്തസാക്ഷിയായ
തന്റെ മകനെ കാത്തിരിപ്പുണ്ടാകും
തന്റെ പ്രിയപ്പെട്ടവനു വേണ്ടി തേങ്ങുന്നൊരു പെൺകിടാവ്
സ്വന്തം വിധിയെ പഴിക്കുന്നുണ്ടാകും
വീരയോദ്ധാവായ പിതാവിനെ നഷ്ടപ്പെട്ടുപോയ കുഞ്ഞുങ്ങൾ
അവരുടെ പിതൃഭൂമി ഒറ്റുകൊടുത്തതാരെന്നുതിരക്കും വിലകൊടുക്കേണ്ടിവന്നത്
അവരായിരുന്നിരിക്കെ!
യുദ്ധം മഹാവേദനയാണ്
മനുഷ്യത്വത്തിനു എതിരെയുള്ള
കൊടും ക്രൂരതയാണ്
അതു കാരുണ്യത്തെ ഞെരുക്കിക്കളയും
ഭൂതകാലത്തിലിരുന്നുകൊണ്ട് ഭാവിയെ
കാർന്നുതിന്നും
അതിന്റെ ആഘാതം തലമുറകളിൽ നിന്നും തലമുറകിലേയ്ക്കു
ഒരു ദുസ്വപ്നം പോലെ പിന്തുടരും
ദുരാത്മക്കളെപ്പോലെ അവരുടെ ഭാവിയെ
അവ വിഴുങ്ങികളയും
ചരിത്രത്തിന്റെ എടുകൾ
ഒന്നു തിരഞ്ഞുനോക്കു
ഒരിക്കലും മോചനം കിട്ടാത്ത തുറന്ന ജയിലുകളാണ് യുദ്ധഭൂമികൾ.
**********************