ഈ ബ്ലോഗ് തിരയൂ

2023 നവംബർ 6, തിങ്കളാഴ്‌ച

അസ്തമയം

സൂര്യൻ, 
ചക്രവാളത്തിന്റെയറ്റത്ത്
ഇതളുകൾ പൊഴിച്ച്
ആഴിയിൽ മുങ്ങുന്നൊരു പൂവ്
പോകാൻ മടിച്ച് ഒരു കീറ് മേഘം,
ആകാശത്തിനു ചായം കൊടുക്കുന്നു 
ആളൊഴിഞ്ഞ തീരത്ത്,
ഒഴിഞ്ഞ ശംഖിൽ
ആരോ മറന്നിട്ടുപോയൊരു ചുംബനം
 ചേക്കേറാൻ വെമ്പുന്ന കടൽ കാക്കകൾ
ഒരു കിളിയൊച്ച ദൂരെ.
കടലിനോടു കുശലം പറയുന്ന
കാറ്റിന്റെ ശീൽക്കാരം
ഉറക്കം നടിച്ചൊരു വെള്ളക്കൊറ്റി
 ഒറ്റയ്ക്കു തിരകളെണ്ണി ഞാനും..

കടലാസുതോണി

തിരികെ തരികെൻ ബാല്യം..
പൊട്ടിയ സ്ലെയ്റ്റും കല്ലുപെൻസിലും മഷിപ്പച്ചയും മഴയൊത്തൊഴുക്കിയ.. കടലാസുതോണിയും...

ഉപ്പുകൂട്ടിക്കടിച്ച പച്ചമാങ്ങാ പുളിരസം തല്ലുകൂടി പെറുക്കിയ മധുരപുളി രസം പങ്കുവെച്ചുണ്ട പൊതിച്ചോറിൻ പുതുരസം ഗൃഹപാഠം മറന്നതിൻ ചൂരൽ വടി രസം

മുത്തശ്ശിക്കഥയിലുറങ്ങണം
പിന്നെയാ-
ക്കഥയിലെ രാജകുമാരിയായുണരണം കൂട്ടരോടാത്തൊന്നു കൂടണം..
വീണ്ടുമാ കൊത്തങ്കല്ലാടീ രസിക്കണം മഞ്ചാടിക്കുരു പെറുക്കി നടക്കണം അപ്പൂപ്പന്താടിക്കു പിറകേയൊന്നോടണം
തൊടിയിലൊന്നോടി തിമിർക്കണം കുളിർ
വറ്റുവോളമാ മഴ കൊണ്ടുനനയണം

തിരികെ തരികെൻ വിഹ്വലകൗമാരവും കൊതിപ്പിച്ചോരാ കൊലുസും കുപ്പിവളകളും കലഹിച്ചു പിരിഞ്ഞ നിർദോഷ പ്രണയവും വിരഹിച്ചുറങ്ങാതിരുന്നൊരാ രാവും

കൊഴിഞ്ഞ കനകാംബരപ്പൂക്കൾ
പെറുക്കിയെൻ മുടിയിൽ ചൂടിയാ - മുഖക്കണ്ണാടി നോക്കണം
കവിളിണയിൽ ചെഞ്ചായം പുരട്ടണം കണ്ണിണകൊണ്ടൊന്നു കടുകുവറക്കണം ഏങ്ങിക്കരയണം കുഞ്ഞുപിണക്കത്തിൽ ആവോളം ചിരിക്കേണംകൊച്ചുനർമത്തിലും

പുളിമരക്കൊമ്പിലോരൂയലിട്ടാടണം പുഷ്കരണിയിലൂടൊന്നൂളിയിട്ടൊഴുകണം മതിയായില്ലെനിക്കെൻ ബാല്യകൗമാരങ്ങൾ നഷ്ടവസന്തത്തിൻ ചിത്രശലഭങ്ങൾ ഒരിക്കലും തിരിച്ചുകിട്ടാത്തൊരാ- ഓർമ ചുഴികളിലുറങ്ങും കിനാകന്യകൾ

തിരിച്ചെടുത്തുകൊൾകീ ജീവിതഭാരവും സങ്കടക്കെട്ടും ദുരിതക്കടലും ആർക്കുംവേണ്ടാത്തൊരീ അസുഖകിടയ്ക്കയും...

ഉപരിതലങ്ങൾ

ഉപരിതലങ്ങൾ

Coffee day യുടെ  കോർണർ  ടേബിളിൽ അവൾ  അവനുവേണ്ടിയുള്ള  കാത്തിരിപ്പു  തുടങ്ങിയിട്ട്   നാഴികകൾ  ഏറേയായി..  ആൾക്കൂട്ടത്തിനിടയിലും   ഒറ്റപെട്ടതായി അവൾക്കു  തോന്നി. ...അല്ലെങ്കിലും  പ്രണയം  ഒരു  ഒറ്റപ്പെടൽ തന്നെ ...പ്രണയിക്കുന്നവരെല്ലാം   ഒരോ  തുരുത്തുകളാണ്...ആർക്കും എത്തിപ്പെടാനാവാത്ത ദുരുഹതയുടെ  തുരുത്ത്
എന്നത്തേയും  പോലെ  ഇന്നും  വരില്ല  എന്ന  തിരിച്ചറിവിൽ  കാത്തിരുപ്പു  മതിയാക്കി  എഴുനെൽക്കവേ കോഫി ഡേ യുടെ  ചില്ലിട്ട  ജാലകത്തിലൂടെ  ധൃതിയിൽ നടന്നു വരുന്ന   അവനെ അവൾ കണ്ടു. അവൾക്ക് വല്ലാത്ത  സന്തോഷം  തോന്നി.. ഹൃദയമിടിപ്പ് തെല്ലു വേഗത്തിലായപോലെ. മൊബൈൽ  ഫോണിന്റെ  front  ക്യാമറയിലൂടെ  മുഖം   നോക്കി .. പറന്നുലഞ്ഞ  മുടി  ഒന്നു  കോതിയൊരുക്കി.. പുറത്തേയ്‌ക്കെത്തി നോക്കിനിന്ന രണ്ടുനരച്ച മുടികളെ അകത്തേയ്ക്കു തിരുകി.. ചുണ്ടുകൾ  ഒന്നമർത്തി കടിച്ചു  ചുവപ്പിച്ച്‌ .. തന്റെ  മുഖത്തിന്‌  ചേരാത്തതെന്നു  സ്വയം  തോന്നുകയും  ഇടയ്ക്ക് വല്ലാതെ അപകർഷതബോധം  ഉണ്ടാക്കുകയും ചെയ്യുന്ന   തന്റെ  തടിച്ച  മൂക്ക് പെരുവിരലും ചൂണ്ടു വിരലും കൊണ്ട്  ഒന്നമർത്തിതിരുമി    മുഖത്ത് ഒരു  പുഞ്ചിരിയും   കൊളുത്തിയിട്ട്  അവൾ  ഇരുന്നു..Hi  bro. . അവൻ  പറഞ്ഞു അങ്ങനെ  ആണ്  അവൻ   അവളെ വിളിക്കാറ് ..  fb യിലെ  ഒരു സാഹിത്യ കൂട്ടായ്മയിലെ ഒരു  സൗഹൃദം  എപ്പഴോ  എങ്ങനെയോ.. ഇങ്ങനൊക്കെ  ആയി പ്രേമമാണോ  അറിയില്ല കാമമോ  അതുണ്ട്.. അവൾക്കു  സ്വയം  അവളോടുതന്നെ  വല്ലാത്ത  പുച്ഛം  തോന്നി...കാമം  എപ്പോഴും  നല്ല  സ്ത്രീകൾക്ക് പറയാൻ  അവകാശമില്ലാത്ത അന്തസ്സില്ലാത്ത  ഒരുവക്കാണത്രെ..പണ്ട്പഠിച്ചത്.വിവാഹിതരായ കമിതാക്കൾ !!എന്തൊക്കെയുണ്ട് ബ്രോ എന്ന ചോദ്യം  അവളെ ചിന്തകളിൽ നിന്നുണർത്തി.. സുഖം....സുഖം  അല്ല  എന്ന്  വ്യംഗ്യമുള്ള  ശബ്ദത്തിലുംഈണത്തിലും അവൾ പറഞ്ഞു. ഹൃദയമിടിപ്പിന്റ  വേഗത പതിയെ  കുറഞ്ഞു.ഒന്നും  പറയാനില്ല  ഒരു  മൂകത എവിടുന്നോ  വന്നു അവരുടെ  ഇടയിൽ  ഇരുപ്പുറപ്പിച്ചു.. ഒന്നും  പറയാനില്ലാതെ രണ്ട് അപരിചിതർ.ചാറ്റ്  ചെയ്യുമ്പോൾ  അവർക്കു  പറയാൻ  ഒത്തിരി  വിഷയങ്ങൾ  ഉണ്ടായിരുന്നു.. അവർ  സോഷ്യൽ  മിഡിയായിലെ  ഒരുപാട്  പ്രശ്നങ്ങൾ  ഘോരഘോരം  ചർച്ചചെയ്തിരുന്നു.. അവർക്കു  ഒരേ ചിന്താധാരകൾ  ആയിരുന്നു.. ഒരേ ഇഷ്ടങ്ങളായിരുന്നു. അവർ ഒരുപാടു നേരം സംസാരിച്ചിരുന്നു.പുലരുവോളം പ്രണയിച്ചിരുന്നു. ഇന്ന്  ഈ  സന്ധ്യയിൽ  ആദ്യമായി  കണ്ടുമുട്ടിയപ്പോൾ  അവർക്കു  പറയാനൊന്നുമില്ലാതായി.. അപരിചിതർ.
വെറും വഴിപോക്കരെ പോലെ . ആരോഗ്യം  സംരക്ഷണത്തിൽ  വളരെയധികം  ശ്രദ്ധ  ചെലുത്തുന്നവനായത്കൊണ്ട് അവൻ  ഒന്നും വാങ്ങുകയോ  കഴിക്കുകയോ  ചെയ്യാൻ മുതിർന്നില്ല.. നിനക്ക്  വല്ലതും  വേണമങ്കിൽ  കഴിച്ചു  കൊള്ളൂ  എന്ന്  പറയുകയും  ചെയ്തു
വിഷയദാരിദ്ര്യം അവരിരുവരെയും മൗനികളാക്കി... പരസ്പര ബന്ധമില്ലാത്ത എന്തൊക്കെയോ ഔപചാരികതയോടെ പറഞ്ഞൊപ്പിച്ചു. അവസാനം ഒരു  ബൈ പറഞ്ഞു  മനസ്സിൽ  ഒരു  വികാരവും ബാക്കിവെയ്ക്കാതെ  ആ രണ്ടാത്മാക്കൾ  പിരിഞ്ഞു.. ടേബിളിൽ ഒരു  മെനു ബുക്ക്‌  അവഗണയുടെ  വേദനയിൽ  കിടക്കുന്നുണ്ടായിരുന്നു.. അന്ന് ആ  രാത്രിയിൽ  അവൾ  അവളുടെ  fb  page  ഡിലീറ്റ്  ചെയ്തു... വ്യാജപ്രൊഫയലുകളുടെ  സാങ്കല്പിക ലോകത്തുനിന്നും ഉപരിതലങ്ങളുടെ മിനു മിനുപ്പിൽ ആകൃഷ്ടരായവരുടെ ലോകത്ത് നിന്നും  പച്ചയായയഥാർത്ഥജീവിതത്തിലേയ്ക്ക്  ഒരു  തിരിച്ചുപോക്ക്....