ഈ ബ്ലോഗ് തിരയൂ

2023 നവംബർ 6, തിങ്കളാഴ്‌ച

കടലാസുതോണി

തിരികെ തരികെൻ ബാല്യം..
പൊട്ടിയ സ്ലെയ്റ്റും കല്ലുപെൻസിലും മഷിപ്പച്ചയും മഴയൊത്തൊഴുക്കിയ.. കടലാസുതോണിയും...

ഉപ്പുകൂട്ടിക്കടിച്ച പച്ചമാങ്ങാ പുളിരസം തല്ലുകൂടി പെറുക്കിയ മധുരപുളി രസം പങ്കുവെച്ചുണ്ട പൊതിച്ചോറിൻ പുതുരസം ഗൃഹപാഠം മറന്നതിൻ ചൂരൽ വടി രസം

മുത്തശ്ശിക്കഥയിലുറങ്ങണം
പിന്നെയാ-
ക്കഥയിലെ രാജകുമാരിയായുണരണം കൂട്ടരോടാത്തൊന്നു കൂടണം..
വീണ്ടുമാ കൊത്തങ്കല്ലാടീ രസിക്കണം മഞ്ചാടിക്കുരു പെറുക്കി നടക്കണം അപ്പൂപ്പന്താടിക്കു പിറകേയൊന്നോടണം
തൊടിയിലൊന്നോടി തിമിർക്കണം കുളിർ
വറ്റുവോളമാ മഴ കൊണ്ടുനനയണം

തിരികെ തരികെൻ വിഹ്വലകൗമാരവും കൊതിപ്പിച്ചോരാ കൊലുസും കുപ്പിവളകളും കലഹിച്ചു പിരിഞ്ഞ നിർദോഷ പ്രണയവും വിരഹിച്ചുറങ്ങാതിരുന്നൊരാ രാവും

കൊഴിഞ്ഞ കനകാംബരപ്പൂക്കൾ
പെറുക്കിയെൻ മുടിയിൽ ചൂടിയാ - മുഖക്കണ്ണാടി നോക്കണം
കവിളിണയിൽ ചെഞ്ചായം പുരട്ടണം കണ്ണിണകൊണ്ടൊന്നു കടുകുവറക്കണം ഏങ്ങിക്കരയണം കുഞ്ഞുപിണക്കത്തിൽ ആവോളം ചിരിക്കേണംകൊച്ചുനർമത്തിലും

പുളിമരക്കൊമ്പിലോരൂയലിട്ടാടണം പുഷ്കരണിയിലൂടൊന്നൂളിയിട്ടൊഴുകണം മതിയായില്ലെനിക്കെൻ ബാല്യകൗമാരങ്ങൾ നഷ്ടവസന്തത്തിൻ ചിത്രശലഭങ്ങൾ ഒരിക്കലും തിരിച്ചുകിട്ടാത്തൊരാ- ഓർമ ചുഴികളിലുറങ്ങും കിനാകന്യകൾ

തിരിച്ചെടുത്തുകൊൾകീ ജീവിതഭാരവും സങ്കടക്കെട്ടും ദുരിതക്കടലും ആർക്കുംവേണ്ടാത്തൊരീ അസുഖകിടയ്ക്കയും...

4 അഭിപ്രായങ്ങൾ: